എന്താണിതിന്റെ ഒക്കെ അര്‍ത്ഥം?

സഹൃദയരെ… കലാസാഹിത്യപ്രേമികളെ… സുഹൃത്തുക്കളെ…

എന്റെ ആ ചോദ്യം, അത് നിങ്ങളെ കുഴക്കിയോ? ഞാന്‍ ഉദ്ദേശിച്ചത് നമ്മുടെ മനോഹരമായ ഈ ഭൂമി അടങ്ങുന്ന വിസ്മയകരവും അത്ത്യോജ്ജ്വലവും ആയ മഹാ പ്രപഞ്ചത്തിനെ പറ്റിയോ, അല്ലെങ്കില്‍ പോട്ടെ, ബുദ്ധനും ശങ്കരനും (പിന്നെ നമ്മുടെ ലാലേട്ടനും) ചോദിച്ചു നടന്ന ‘ഞാന്‍ ആര്?’ എന്ന ഉത്തരമില്ലാ ചോദ്യത്തിനെ കുറിച്ചോ ഒന്നും അല്ല… ഇന്നത്തെ മലയാള സിനിമകള്‍ ഇത്രയേറെ തരം താഴ്ന്നു പോവുന്ന ആ ഒരു പ്രവണതയെ കുറിച്ചും അല്ല… അമേരിക്ക എന്ന കുത്തക രാഷ്ട്രം അവരുടെ പിടിപ്പുകേടു കൊണ്ടു വരുത്തി വെച്ച ഈ ലോക വ്യാപാര വാണിജ്യ സാമ്പത്തിക തകര്‍ച്ച… അതിനെകുറിച്ചും അല്ലാ… നിങ്ങള്‍ക്ക്‌ അങ്ങനെ വല്ലതും ഒരു തോന്നല്‍ ഉണ്ടായെങ്കില്‍ ക്ഷമാപണം…

ആ ചോദ്യം ഒരു ആത്മഗതം ആയിരുന്നു… ഇന്നലെ വരെ ഇന്റര്‍നെറ്റ് എന്ന ഈ അണ്ടകടാഹത്തില്‍ ഒരു മേല്‍വിലാസം പോലും ഇല്ലാതിരുന്ന ഞാന്‍, ദേ ഇപ്പൊ ഒരു സൈറ്റ്-ഉം രണ്ടു ബ്ലോഗും ഒക്കെ തരപ്പെടുത്തി ബൂലോകത്തേക്ക് ഒരു ക്ഷണിക്കപ്പെടാത്ത അതിഥി കണക്കെ വന്നു ഉറക്കെ ഉറക്കെ പിച്ചും പേയും പറയുന്നു… അതിന്റെ ഒക്കെ ഒരു കാരണം എന്താണ്… എന്താണിന്തിന്റെ ഒക്കെ ഒരു അര്‍ത്ഥം എന്നായിരുന്നു ഈയുള്ളവന്‍ ഉദ്ദേശിച്ചത്…

എന്തായാലും ഈ ബ്ലോഗിന്റെ title-നെ കുറിച്ചു ഒരു ഏകദേശ രൂപം കിട്ടിയ സ്ഥിതിക്ക് എന്റെ ഉള്ളില്‍ തോന്നിയത് ഇവിടെ കുറിച്ചു വെച്ചോട്ടെ… കുറച്ചധികം കാലം ആയി മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണം എന്നുള്ള ആഗ്രഹം ഉണ്ടായിട്ട്… പക്ഷെ ഇംഗ്ലീഷില്‍ ഒരെണ്ണം തുടങ്ങി അതില്‍ ആരംഭ ശൂരത്വം പോലും കാണിക്കാന്‍ ഉള്ള സന്മനസ്സു ഉണ്ടായില്ല എന്നത് ഒരു പാഠം ആയിരുന്നത് കൊണ്ടു, മെനക്കെടാതെ ഇങ്ങനെ ആലോചന മാത്രം ആയി, അടുത്ത ഒരു 5 കൊല്ലത്തിനുള്ളില്‍ നേരെ ഒരു ഉഗ്രന്‍ ബെസ്റ്റ് സെല്ലര്‍ നോവല്‍ എഴുതുന്നതിലെക്കുള്ള സ്വപ്നങ്ങളും കണ്ടു, കുഴിമടിയനായി സ്വസ്ഥസുന്ദരം ജീവിച്ചു പോവുകയായിരുന്നു… അപ്പോഴൊക്കെ വായിക്കാന്‍ ഇട വന്ന നല്ല അനേകം ബ്ലോഗുകള്‍ വീണ്ടും വീണ്ടും മനസ്സില്‍ തീപ്പൊരികള്‍ വാരിയെരിഞ്ഞപ്പോഴും മടി ആണ് ജയിച്ചു പോന്നിരുന്നത് …

പക്ഷെ രണ്ടു ദിവസം മുമ്പെ twitter-ലെ @jinadcruz, ഒരു പുതിയ ബ്ലോഗ്-ഉം തുടങ്ങി മലയാളം മറന്നു തുടങ്ങുന്നതിനെ കുറിച്ചും വേറെ മലയാളം ബ്ലോഗുകള്‍ (പ്രത്യേകിച്ചും @kuttyedathi-യുടെ മനോഹരമായ ബ്ലോഗ്) പ്രചോദനം ആയതിനെ പറ്റിയും പരാമര്‍ശിച്ചത് വായിച്ചപ്പോള്‍ എനിക്കും ഒരു ആഗ്രഹം… കുറച്ചു കാലമായുള്ള ഈ സ്വപ്നം എന്ത് കൊണ്ടു സാക്ഷാത്കരിച്ചു കൂടാ? അതാണ്‌ ഇപ്പൊ ഇങ്ങനെ ഒരു സംരംഭത്തിന് മുതിര്‍ന്നതിന്റെ പിന്നിലുള്ള ഒരു ഇത്… ഹേത്‌?

Twitter-ലൂടെ ഇപ്പോള്‍ അറിയാനിടയായി മലയാള സിനിമ കണ്ട പ്രതിഭാധനനായ തിരക്കഥാകൃത്തും സംവിധായകനും ആയിരുന്ന ശ്രീ ലോഹിതതദാസ് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു കൊച്ചിയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച കാലത്തു ഉദ്ദേശം 11 മണിയോടെ അന്തരിച്ചു എന്ന്. ശ്രീ ലോഹിതദാസിനു ഹൃദയത്തിന്റെ ഭാഷയില്‍ രേഖപ്പെടുത്തുന്ന ആദരാഞ്ജലികള്‍ !

ഈ ബ്ലോഗിന് ഇങ്ങനെ ഒരു പേരു 1 നല്‍കിയതിന്റെ പിന്നിലും ഒരു കഥ ഇല്ലാതെ ഇല്ല… മീനമാസം ആണ് എനിക്കേറ്റവും പ്രിയപ്പെട്ട മലയാള മാസം… നാട്ടിലെ വേനല്‍ ഏറ്റവും ശക്തമാവുന്ന മാസം… മധ്യ വേനലവധിക്ക് വിദ്യാലയങ്ങള്‍ പൂട്ടുന്ന മാസം… ഞങ്ങളുടെ നെന്മാറയിലെ നെല്ലിക്കുളങ്ങര ക്ഷേത്രത്തില്‍ വേല ഉത്സവം നടക്കുന്ന മാസം… ആ മീനമാസത്തില്‍ പക്ഷെ ഒരു മഴ ഉണ്ടാവുന്നത്, വിചിത്രവും ആയിരിക്കും അതെ സമയം വളരെ അധികം കുളിര്‍മ്മ തരുന്ന ഒരു സംഭവും ആയിരിക്കും… ഈ ബ്ലോഗ് അതേ പോലെ അല്പം വിചിത്രവും പക്ഷെ അതിനേക്കാളുപരി വായനക്കാര്‍ക്ക്‌ ഒരു തണ്ണീര്‍പ്പന്തലിന്റെ ഗുണവും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ഒരു പേരു തിരഞ്ഞെടുത്തത്…

നിങ്ങള്‍ക്ക്‌ ഇത് വായിച്ചപ്പോഴുണ്ടായ അനുഭവം, അല്ലെങ്കില്‍ ഇതിത്തിരി കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന തോന്നലുളവാക്കിയ ആ ഒരു കാര്യം… ഇതെല്ലാം ഒരു അഭിപ്രായത്തിന്റെ രൂപത്തില്‍ ഇവിടെ രേഖപ്പെടുത്താനുള്ള സന്മനസ്സു കാണിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു… ആ ജഗദീശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം…

- മേനോന്‍


  1. ഈ ബ്ലോഗിന്റെ അന്നുണ്ടായിരുന്ന പേര് മീനമാസത്തിൽ പെയ്ത മഴ പോലെ എന്നായിരുന്നു. അന്നത്തെ ആ വേർഷൻ ഇവിടെ കാണാം