ശ്രീശൈലത്തെക്കൊരു 'തീര്‍ത്ഥ'യാത്ര - ഭാഗം ഒന്ന്

2004-ലെ അവസാന മാസങ്ങളാണ് കാലഘട്ടം. അന്ന് ഞാന്‍ ഹൈദ്രബാദിൽ വിവര സാങ്കേതികമേഖലയിലുള്ള പ്രശസ്തമായ (അന്ന് പ്രശസ്തവും ഇന്ന് കുപ്രശസ്തവും എന്ന് പറയുന്നതാവും ഏറെ ശരി) ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എന്നാണു പദവിയെങ്കിലും ഞാന്‍ പഠിച്ചു നേടിയ (വളരെ വളരെ വിഷമിച്ചിട്ടാണെങ്കിലും) എഞ്ചിനീയറിംഗ് ബിരുദം കൊണ്ട് യാതൊരു പ്രയോജനവുമില്ലാത്ത ഒരു ജോലി. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ അന്ന് ചെയ്തിരുന്ന ജോലി ചെയ്യാന്‍ സാമാന്യം ഭേദപ്പെട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നുമുള്ള എട്ടാം ക്ലാസും ഗുസ്തിയും എല്ലാ സോഫ്റ്റ്‌വെയര്‍ കമ്പനികളും തന്നിരുന്ന 2-3 മാസത്തെ പരിശീലനവും മതിയായിരുന്നു. താമസം ബഞ്ചാര ഹില്‍സ്‌-ലെ ഒരു വാടക വീട്ടില്‍ - ഞാനും പിന്നെ എന്റെ സഹമുറിയന്‍മാരായി അതേ കമ്പനിയില്‍ അത് പോലൊക്കെ തന്നെയുള്ള ജോലികള്‍ ചെയ്യുന്ന മൂന്നു മലയാളി സുഹൃത്തുക്കളും (മനോജ്‌, വിവേക്‌, കിരണ്‍) പിന്നെ ഒരു കന്നടിഗ സുഹൃത്തും (നരസിംഹ മൂര്‍ത്തി). കര്‍ണാടകയുടെപ്രതിനിധിയുടെ പേര് നരസിംഹ മൂര്‍ത്തി എന്നായിരുന്നെങ്കിലും ആളൊരു പഞ്ചപാവം ആയിരുന്നു. അല്ലെങ്കില്‍ 2-3 കൊല്ലക്കാലം ഞങ്ങള്‍ നാല് മലയാളികളുടെ കൂടെ മലയാളത്തിലെ ഒരു വാക്ക് പോലും പഠിക്കാതെ (ശ്രമിക്കാതെ അല്ല, പറ്റാഞ്ഞിട്ടാണ്‌, പാവം), ജീവിക്കുമായിരുന്നോ?

ഇന്ത്യയിലെ വിവിധ നഗരങ്ങിലായി സോഫ്റ്റ്‌വെയര്‍ എന്ന വിപ്ലവകരമായ (ലാൽസലാം സഘാവേ, തെറ്റിദ്ധരിക്കരുത്! സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ വിപ്ലവകരമായ എന്നാണ് ഈയുള്ളവന്‍ ഉദ്ദേശിച്ചത്, അത് അങ്ങനെ തന്നെ ആണെന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്യുന്നു!) പ്രസ്ഥാനത്തില്‍ അര്‍ഹിക്കാത്ത ശമ്പളവും വാങ്ങി ജീവിച്ചു പോന്നിരുന്ന (പോരുന്ന) എല്ലാ സാധാരണക്കാരായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍-മാരെയും പോലെ ഞങ്ങളുടെയും ജീവിതം 5-day working week-ഉം ആഘോഷങ്ങളില്‍ മുങ്ങിയ weekend-കളും ഒക്കെ ആയി ഇങ്ങനെ പോയിക്കൊണ്ടിരിക്കുന്നു. സിനിമകള്‍, മൂക്ക് മുട്ടെയുള്ള (ഹോട്ടലുകളില്‍ നിന്നുമുള്ള) ഭക്ഷണം, ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഷോപ്പിംഗ്‌, അത്യാവശം നല്ല പോലെയുള്ള മദിരാപാനം (ഇതില്‍ കിരണും മൂർത്തിയും പങ്കു കൊള്ളാറില്ലായിരുന്നുവെന്ന് ഞാനോര്‍ക്കുന്നു), വീട്ടിലിരുന്നുള്ള ആവേശമേറുന്ന ചീട്ടു കളി, ചിലപ്പോഴെങ്കിലും വരാറുള്ള weekend-ലുള്ള ഓവര്‍ടൈം ജോലി, ജോലിസ്ഥലത്ത് നിന്നും പരിചയമുള്ള മറ്റു മലയാളികളും അല്ലാത്തതുമായ സ്ത്രീ-പുരുഷഭേദമെന്യേയുള്ള (പ്രായത്തിന്റെതാകാം, സ്ത്രീജനങ്ങള്‍ക്കായിരുന്നു മുന്‍ഗണന) സുഹൃത്തുക്കളുടെ കൂടെയുള്ള കറക്കങ്ങള്‍… ഇതൊക്കെയാണ് ആഘോഷങ്ങളില്‍ മുങ്ങിയതെന്ന് നേരത്തെ വിശേഷിപ്പിച്ച വാരാന്തങ്ങളിലെ പ്രധാന പരിപാടികള്‍. മടി എല്ലാരുടേം കൂടെപിറപ്പ്‌ ആയിരുന്നത്കൊണ്ടാവാം ചിലപ്പോഴൊക്കെ വീട്ടിൽ വെറുതെ ടിവി എന്ന വിഡ്ഢിപ്പെട്ടിയുടെ മുന്നിലിരുന്നും ഞങ്ങള്‍ എല്ലാരും കൂടെ ആ രണ്ടു ദിവസങ്ങളെ ഉദയത്തില്‍ നിന്നും അസ്തമയത്തിലേക്ക് കൊണ്ടുചെന്നാക്കിയിരുന്നു.

അങ്ങനെയുള്ള ചില രാത്രികളില്‍ മദ്യം തലയ്ക്കു പിടിച്ച ശേഷം, ശുദ്ധമായ ഉറക്കം മാത്രം തലയ്ക്കു പിടിച്ച കിരണിനെയും മൂര്‍ത്തിയേയും കിടക്കപ്പായില്‍ നിന്നും കുത്തിപ്പൊക്കി അവരെ ബൈക്ക് ഡ്രൈവേര്‍സ് ആയി കൂടെ കൂട്ടി ഹൈദ്രാബാദ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മനോഹരമായ ഹുസൈന്‍ സാഗര്‍ എന്ന തടാകത്തിന്റെ തീരത്ത് പാതിരാ കഴിഞ്ഞുള്ള യാമങ്ങളില്‍ പോയി കാറ്റ് കൊള്ളുക എന്നതും ഞങ്ങളുടെ ഒരു വിനോദമായിരുന്നു. ബൈക്ക് ഓടിക്കാന്‍ എന്ന് പറഞ്ഞു കൂടെ കൂട്ടുന്ന മദ്യവര്‍ജ്ജകന്മാരയവരെ മിക്കവാറും സമയങ്ങളില്‍ ബൈക്കിന്റെ പുറകെ ഇരുത്തി ഹൈദരാബാദിന്റെ നിശാഭംഗി ആസ്വദിക്കാന്‍ അനുവദിച്ചു കൊണ്ട്, കള്ളിന്‍ പുറത്തു വണ്ടിയോടിക്കുന്ന സുഖം (അത് സുഖം അല്ല, ഭ്രാന്തായിരുന്നു എന്നൊക്കെ വേണമെങ്കില്‍ ഇന്ന് ഞാന്‍ പറയാന്‍ ശ്രമിക്കുമായിരിക്കും. പക്ഷെ അന്നത് സുഖം തന്നെ ആയിരുന്നു!) ആസ്വദിക്കാന്‍ ഞങ്ങള്‍ മദ്യപന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചും പോന്നു.

ഇങ്ങനെ ഏതോ ഒരു വീക്കെന്റില്‍ ഞങ്ങള്‍ സഹമുറിയന്‍മാരില്‍ ചിലരും (ഞാനും, മനോജനും, വിവേകനും) പിന്നെ വേറെ ചില സുഹൃത്തുക്കളും (ഗോപി, ടോണി, ജയകാന്ത്‌, ലവിൻ, അൻഷുമാൻ) ഒക്കെ ചേര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി ഒരു ടൊയോട്ട ക്വാളിസ്‌ വാടകയ്ക്കെടുത്തു ഹൈദരാബാദില്‍നിന്നും 200 കിലോ മീറ്ററോളം ദൂരെയുള്ള നാഗാര്‍ജുന സാഗര്‍ അണക്കെട്ട് കാണാന്‍ പോയി, ഞായറാഴ്ച രാത്രി തിരികെ വന്ന കഥ വേറൊരു പോസ്റ്റായി പിന്നീട് ചേര്‍ക്കാന്‍ പോന്നതാണ്. സാധാരണ വെള്ളം നിറഞ്ഞ് നിൽക്കേണ്ട കാലമായിരുന്നു അതെങ്കിലും നാഗാർജുന സാഗറിൽ വെള്ളം വളരേ കുറവായിരുന്നു. അതിനുപശാന്തിയെന്നോണം അങ്ങോട്ട് പോകുമ്പോഴും, അവിടെ ഉള്ളപ്പോഴും, തിരികെ വരുമ്പോഴും ഞങ്ങളെല്ലാവരുടേയും അകത്ത് നല്ല പോലെ വെള്ളം ഉണ്ടായിരുന്നു. കിരണും മൂര്‍ത്തിയും അന്ന് ഞങ്ങളുടെ കൂടെ വരാത്തതിനുള്ള കാരണം അവര്‍ മദ്യവര്‍ജ്ജകന്മാരായത് കൊണ്ടാണെന്ന് മാത്രം തെറ്റിദ്ധരിക്കരുത്. അവരു ആ ടൈപ്പല്ല, കൂടില്ലെങ്കിലും കൂടെയിരുന്നു കമ്പനി തരുമായിരുന്നു രണ്ട് പേരും, മൂർത്തിക്കു മലയാളവൈകല്യം ഉണ്ടായിരുന്നിട്ട് കൂടെ. രണ്ടു പേര്‍ക്കും വേറെ എന്തോ ചുറ്റികളികൾ/കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. ഏതായാലും ഇതിവിടെ ഇപ്പൊ പറയുന്നതിന്റെ കാരണം താമസിയാതെ നിങ്ങള്‍ക്ക് മനസ്സിലാവും.

ഇങ്ങനെയൊക്കെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുമ്പോള്‍ വീണ്ടുമൊരു വീക്കെന്റ് വന്നെത്തി. പിറ്റേന്ന് അതിരാവിലെ ഒരു ഷിഫ്റ്റിനു വിവേകന് പോകേണ്ടിയിരുന്നത്‌ കൊണ്ടു അവനും, കുറെയധികം സമയം ഞങ്ങളുടെ കൂടെയിരുന്നു സുരപാനത്താല്‍ ഉത്തേജിതവും വിഷയവൈവിധ്യവുമാര്‍ന്ന സല്ലാപങ്ങളില്‍ പങ്കു ചേര്‍ന്നത്‌ കൊണ്ടുള്ള ക്ഷീണത്താല്‍ മൂര്‍ത്തിയും കിരണും പതുക്കെ കിടക്കവിരിച്ചു നിദ്ര വരുന്നതും കാത്തു കിടപ്പായി. ഞാനും മനോജനും സംഭാഷണം തുടര്‍ന്നു കൊണ്ടിരുന്നത് എങ്ങനെയോ ഈ വിധത്തില്‍ എത്തി നിന്നു. ഞാൻ‍: “ഇവരെല്ലാം ഉറങ്ങിക്കോട്ടെ. നമുക്കൊന്ന് നാഗാര്‍ജുന സാഗര്‍ വരെ പോയി കാറ്റ് കൊണ്ടിട്ടു വന്നാലോ മനോജാ?”. സമയം അപ്പൊ ഒന്നിനോടടുക്കുന്നു. എന്റെ നിഷ്ക്കളങ്കമായ ചോദ്യത്തിനുദ്ധേശം നഗരത്തിനു നടുക്കുള്ള ഹുസൈന്‍സാഗര്‍ വരെ പോയിട്ട് വന്നാലോ എന്നായിരുന്നു. പക്ഷെ അന്ന് ഞങ്ങള്‍ സേവിച്ച ‘തീര്‍ത്ഥവും’, പിന്നെ ഏതൊ ഒരു സായിപ്പ് കണ്ടുപിടിച്ച Freudian Slip എന്ന ഒരു കുണ്ടാമണ്ടിയും ചേര്‍ന്നതിനെ നാഗാര്‍ജുന സാഗര്‍എന്നാക്കി മാറ്റി. അതേ ‘തീര്‍ത്ഥം’ മനോജനേയും മുറുകെ തന്നെ പിടിച്ചിരുന്നു എന്ന് വേണം കരുതാൻ. അവനതു ഏറ്റുപിടിച്ചു. “ദൂരം 200 കിലോമീറ്ററില്‍ താഴെ അല്ലെ ഉള്ളൂ? പോകുമ്പോള്‍ ഞാന്‍ ഓടിക്കാം, വരുമ്പോ നീ, ഏറ്റോ?” എന്ന് പറയലും, എണീച്ചു ഉറങ്ങാൻ കിടക്കുന്നവരോട് അനൌണ്‍സ് ചെയ്യാന്‍പോയതും ഒരുമിച്ചായിരുന്നു.

എനിക്കെന്റെ അബദ്ധം ഏറ്റു പറയാന്‍ ചാന്‍സ് കിട്ടുന്നതിനു മുമ്പേ വിവേകന്‍ ഇടപെട്ടു (അവനു വിവേക്‌ എന്ന് പേരുള്ളത് ചില സമയങ്ങളില്‍ അവന്‍ അന്വര്‍ത്ഥം ആക്കുവാന്‍ ശ്രമിക്കും. അത്തരമൊന്നായിരുന്നു ഇതെന്ന് തോന്നുന്നതിൽ തെറ്റില്ല). അവന്റെ അഭിപ്രായം: “നാഗാര്‍ജുന സാഗർ നമ്മളൊരിക്കല്‍ പോയതല്ലേ. ശ്രീശൈലത്തെക്ക് ആണെങ്കില്‍ നാളത്തെ എന്റെ ഷിഫ്റ്റ്‌ മാറ്റി വെച്ചിട്ട് ഞാനും വരാം”. പിറ്റേന്ന് ശനിയാഴ്ച്ചത്തെ ഷിഫ്റ്റ്‌ കാരണം, ‘തീര്‍ത്ഥം’ അത്ര കണ്ടു സേവിക്കാതിരുന്ന അവന്റെ പിന്നീടുള്ള കുറ്റസ്സമ്മതത്തില്‍ നിന്നും അവനുദ്ധേശിച്ചത് ഞങ്ങളെ പിന്തിരിപ്പിക്കലായിരുന്നെന്നു മനസ്സിലായി.

ശ്രീശൈലം എന്നത് ഭാരതത്തിലുള്ള 12 ജ്യോതിര്‍ലിംഗ പ്രതിഷ്ഠകളിൽ ഒന്നാണെന്ന് മാത്രമല്ല, നാഗാർജുന സാഗർ പോലെ തന്നെ ഹൈദ്രാബാദ് നിവാസികൾക്കുള്ള വേറൊരു വീക്കെന്റ് ഗെറ്റെവേയും കൂടെയാണ് വലിയോരു അണക്കെട്ടും വിശിഷ്ഠ്മായൊരു അമ്പലവും അടങ്ങുന്ന മനോഹരമായീ മലമ്പ്രദേശം. ഹൈദ്രബാദില്‍ നിന്നും നാഗാര്‍ജുന സാഗര്‍-നെ അപേക്ഷിച്ച് ഒരു 30-40 കിലോമീറ്റര്‍ കൂടുതല്‍ അകലെയും ആണ് ശ്രീശൈലം. അങ്ങനെ സ്ഥലം മാറ്റിപ്പറഞ്ഞാല്‍ ഞാനും മനോജനും പിന്തിരിഞ്ഞു മിണ്ടാതെ കിടന്നുറങ്ങാന്‍ വട്ടം കൂട്ടുമെന്ന് പ്രതീക്ഷിച്ച വിവേകിന് തെറ്റി. ഉറക്കത്തിലേക്കു വീണു കൊണ്ടിരുന്ന കിരണ്‍ ഇത് കേട്ട പാടെ ചാടിയെഴുന്നേറ്റു ഇങ്ങനെ ഒരു അഭിപ്രായമങ്ങ് കാച്ചി: “ശ്രീശൈലം കാണേണ്ട ഒരു സ്ഥലമാണെന്ന് എന്റെ ഓഫീസിലെ <ഏതോ ഒരു സുന്ദരിയായ തരുണീമണിയുടെ പേര്> പറഞ്ഞ ഓര്‍മ്മയുണ്ട്. നമ്മൾ വല്ലോടത്തും കറങ്ങാന്‍ പോയിട്ടും കുറച്ചായില്ലേ? പോയിക്കളയാം!”. ഇത്രയും പറഞ്ഞു തീരുന്നതിനു മുമ്പേ, എന്താണീ നടക്കുന്നത് എന്ന് കണ്ണും തിരുമ്മി അന്ധാളിച്ചു നോക്കി കൊണ്ടിരിക്കുന്ന മൂര്‍ത്തിക്ക് വളരെ പണിപ്പെട്ടു ഇംഗ്ലീഷ്-ലേക്ക് പരിഭാഷപ്പെടുത്തുകയും കിരണ്‍ ചെയ്തു. വെളുക്കാന്‍ ആയി തേച്ച എന്തോ ഒന്ന് പാണ്ടുകള്‍ ഉണ്ടാക്കിയ പോലെയുണ്ടായിരുന്നു വിവേകന്റെ മുഖം അപ്പൊ കണ്ടാലെന്ന് പിന്നീട് കിരണ്‍ പറഞ്ഞറിഞ്ഞു.

എന്തിനധികം പറയുന്നു, എന്റെ നാവില്‍ നിന്നാ വികട സരസ്വതി എഴുന്നെള്ളി അര മണിക്കൂറിനകം എല്ലാരും ഉറക്കമെല്ലാം മറന്ന് എങ്ങനെയിപ്പോ ഈ നേരത്ത് ശ്രീശൈലത്തെക്ക് പോകാം എന്നതിനെക്കുറിച്ചുള്ള കൂലംകഷമായ ചര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെ വിവേകന്‍ അവന്റെ കൂടെ ജോലി ചെയ്യുന്ന ഒരു തെലുങ്കനെ ഫോണില്‍ വിളിച്ചിട്ട് അവനു വല്ലാത്ത വയറിളക്കം ആണെന്നും പിറ്റേന്നത്തേ ഷിഫ്റ്റ്‌-നു വരാന്‍ പറ്റില്ലെന്നും, പകരം പോകുവാന്‍ ഉള്ള സന്മനസ്സു കാണിക്കുകയാണെങ്കിൽ ‍ശ്രീശൈലം സ്വാമിയുടെ അനുഗ്രഹം ആ തെലുങ്കനുണ്ടാവുമെന്നൊക്കെ പറയുന്നതും കേട്ടു. ആ സമയത്ത് യാത്ര ആരംഭിക്കുക ആണെങ്കില്‍ ആകെ ഒരു നിവര്‍ത്തിയേ ഉണ്ടായിരുന്നുള്ളൂ: ബൈക്കുകളില്‍ പോകുക. പിറ്റേന്ന് അതി രാവിലെ പോകുന്ന പരിപാടി ആണെങ്കില്‍ വാടകയ്ക്ക് ജീപ്പോ കാറോ ഒക്കെ കിട്ടുമായിരുന്നു. എന്റെ സഹമുറിയന്‍മാരായത് കൊണ്ടു പറയുകയല്ല, ഞങ്ങളുടെഎല്ലാരുടേം മനസ്സ് ഈ വക കാര്യങ്ങളിലൊക്കെ ഒരേ പോലെ ആണ് പ്രതികരിക്കാറു പതിവ്. ആര്‍ക്കുംപിറ്റേന്നാണെങ്കില്‍ പോവുകയേ വേണ്ട!

കിരണ്‍, മൂര്‍ത്തി, വിവേക്‌ - ഇവർ മൂന്നു പേരും ബജാജ് കമ്പനിയുടെ പള്‍സാര്‍ എന്ന ബൈക്കുകള്‍ക്ക് ഉടമകളായിരുന്നു. (അന്നത്തെ അതിന്റെ പരസ്യവാചകം definitely male എന്നായിരുന്നു, അതാണോ ഇവരൊക്കെ പള്‍സാര്‍ തന്നെ വാങ്ങാന്‍ കാരണം എന്ന് എനിക്കറിയില്ല, പക്ഷെ എന്തായാലും നല്ല ഉശിരന്‍ വണ്ടികള്‍ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ). എന്റെതും മനോജിന്റെതും ടി. വി. എസ്. കമ്പനിയുടെ വിക്ടര്‍ എന്ന ബൈക്കും. ഞങ്ങള്‍ ആകെ 5 പേര്‍, 5 ബൈക്കുകളും. സ്വാഭാവികമായും 3 പള്‍സാറുകളില്‍ പോകാം എന്ന തീരുമാനം വന്നു. അപ്പോഴാണ്‌ അടുത്ത പ്രശ്നം - 3 ബൈക്കുകളില്‍ ആയി അഞ്ചു പേരു പോകുമ്പോള്‍ ഒരു ബൈക്കില്‍ എപ്പോഴും ഒരാളെ ഉണ്ടാവുകയുള്ളൂ. ഇത്രയും ദൂരം അതും ഈ സമയത്ത് ഇങ്ങനത്തെ ഒരവസ്ഥയിൽ പോകുമ്പോൾ അങ്ങനെ ഒരാൾ മാത്രമായിട്ടൊരു ബൈക്കിൽ ഉള്ളത് ശരിയായ പരിപാടിയായിട്ട് ആർക്കും തോന്നിയില്ല.

ഉടനെ തന്നെ ഞങ്ങളിലാരോ മനേഷ് പണിക്കർ എന്ന ഒരു മലയാളി സുഹൃത്തിനെ വിളിച്ചു എന്താണ് പരിപാടി എന്നന്വേഷിക്കലായി. അദ്ദേഹവും ഞങ്ങളുടെയൊക്കെ അതേ കമ്പനിയിൽ തന്നെ ജോലി നോക്കുന്ന വേറൊരു സോഫ്റ്റ്വെയർ എഞ്ചിനീയർ ആയത് കൊണ്ട് ശനിയാഴ്ച പുലർച്ചേ രണ്ടിനോടടുപ്പിച്ചാണ് സമയം എന്നുള്ളത് ഒരു പ്രശ്നമല്ലായിരുന്നു എന്നു പറയുന്നതിനോടൊപ്പം ഇതുകൂടെ ചേർക്കട്ടെ, ഈ പണിക്കരെക്കുറിച്ചു വേറെയും കുറെയധികം കഥകൾ അതിന്റേതായ പോസ്റ്റുകളായി ഇവിടെ ചേർക്കാൻ പോന്നതാണ് - അത്ര മാത്രം രസികനായ ഒരു കഥാപാത്രമാവുന്നൂ ഈ മനേഷ് ജി. പണിക്കർ! അദ്ദേഹവും സുരപാനവുമൊക്കെയായി വെള്ളിയാഴ്ചയിങ്ങനെ ആസ്വദിച്ചിരിക്കുകയായിരുന്നു. ശ്രീശൈലം പോകാൻ ഞങ്ങളിങ്ങനെ വട്ടം കൂട്ടുകയാണെന്നും ഒരു ബൈക്കിൽ ഒരാൾക്കിരിക്കാനുള്ള സ്ഥലമുണ്ടെന്നുമൊക്കെ കേട്ടപ്പോൾ മൂപ്പരും റെഡി. പക്ഷെ വേറൊരു പ്രശ്നം! മൂപ്പർക്ക് കാര്യങ്ങളൊക്കെ പിടികിട്ടിയെങ്കിലും വരുകയാണെങ്കിൽ അദ്ദേഹത്തിന്റെ വിശിഷ്ഠാനുവേധത്തിൽ ഇരുന്നിങ്ങനെ വെള്ളിയാഴ്ചയേ ശനിയാഴ്ചയാക്കുവാൻ സഹായിക്കുന്ന അശോകിനേയും കൂടെ കൂട്ടേണ്ടി വരും. അതു ഓക്കെ ആണെങ്കിൽ അവർ രണ്ട് പേരും കൂടെ പണിക്കരുടെ ഒരു ബൈക്കിൽ വരാമെന്നായി. ഈ അശോക് ഞങ്ങളുടെയെല്ലാം സുഹൃത്തായ ഗോപിയുടെ അനുജനാണ് . അവനെ എനിക്ക് നേരിട്ട് പരിചയമുണ്ടെങ്കിലും ബാക്കി എന്റെ സഹമുറിയന്മാർക്ക് അത്ര അടുപ്പം പോരാ. ഗോപി ആൻഡമാനിൽ നിന്നുമുള്ള ഒരു തെലുങ്കനാണെങ്കിലും മനോജന്റെ ക്ലാസ്സ്മേറ്റായി തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിച്ചിരുന്നത് കൊണ്ട് അത്യാവശ്യം നല്ല പോലെ മലയാളം കൈകാര്യം ചെയ്യും. പക്ഷേ അവന്റെ അനിയനാണെങ്കിൽ തെലുങ്കും ഹിന്ദിയും ഇംഗ്ലീഷുമൊക്കെയേ വശമുള്ളൂ. ആ ഭാഷാപ്രശ്നം ഉർവശിശാപം ഉപകാരമെന്ന മട്ടിൽ മൂർത്തിക്ക് മിണ്ടാനും പറയാനും (പിന്നെ മലയാളം മനസ്സിലാക്കാതിരുക്കുന്നതിലും) ഒരു കമ്പനിയാവുമെങ്കിലും ആദ്യത്തെ പ്രശ്നം ഇപ്പൊഴും നിലനിൽക്കുന്നു എന്നതായിരുന്നു ഞങ്ങളേയെല്ലാം അലട്ടുന്ന അടുത്ത ചിന്ത. ബൈക്കുകൾ 4, യാത്രികർ 7! സമയം ശനിയാഴ്ച പുലർച്ചെ ഒന്നേമുക്കാൽ!

എന്തു ചെയ്യുമെന്നു എല്ലാവരും തല പുകഞ്ഞാലോചിച്ച് കൊണ്ടിരിക്കെ കിരൺ അവന്റെ കൂടെ ജോലിചെയ്യുന്ന ഒരു തെലുങ്കനെ ഫോണിൽ വിളിച്ചു ശ്രീശൈലത്തേക്ക് വരുന്നോ എന്നു ചോദിച്ച് നോക്കാമെന്നായി. പണിക്കരോടും അശോകിനോടും അവരു താമസിക്കുന്ന സെകന്തരാബാദിലെ കാർഖാനയിൽ നിന്നും ഞങ്ങളുടെ ബഞ്ചാര ഹിൽസിലെ വസതിയിലേക്ക് എത്രയും പെട്ടെന്ന് രണ്ടു ദിവസത്തേക്കുള്ള സെറ്റപ്പുമായി വരാൻ ഞാൻ വിളിച്ചു പറയുന്നതിനിടെ, കിരൺ അവന്റെ സഹപ്രവർത്തകനായ ഗോപാലിനെ വിളിച്ച് ശ്രീശൈലം ഒരു ഹൈദ്രാബാദ് നിവാസിക്ക് അനുപേക്ഷണീയമായ ടൂറിസ്റ്റ് കേന്ദ്രമാ‍ണെന്നതിനേക്കുറിച്ചും മറ്റും ക്ലാസ്സെടുത്ത് തുടങ്ങിയിരുന്നു. ആ ഗോപാൽ, ഒരു തെലുങ്കനായിരുന്നിട്ടും ഇതു വരെ ശ്രീശൈലത്തേക്കുറിച്ച് കേൾക്കാത്തതിനാലാവണം, ഉടൻ തന്നെ പുറപ്പെട്ട് വരാം എന്നേറ്റു. ഞങ്ങളഞ്ച് പേരും കയ്യിൽ കിട്ടിയ തുണികളൊക്കെ വലിച്ച് വാരി തോൾസഞ്ചികളിലാക്കി. അന്നത്തെ ആ ദിവസങ്ങളുടെ വേറൊരു പ്രത്യേകത ആർക്കും ആ വീട്ടിൽ ടീഷർട്ടുകൾക്കും ഷർട്ടുകൾക്കുമൊന്നും ഉടമസ്ഥാവകാ‍ശം ഇല്ലായിരുന്നു എന്നതു കൂടെയായിരുന്നു. എല്ലാവരുടെയും സൈസ് ഏകദേശം ഒന്നു തന്നെ ആയിരുന്നതും, നമ്മൾ മലയാളികൾക്കു സോഷ്യലിസത്തിനോടുള്ള ആഭിമുഖ്യവുമാകാം ഇതിന്റെ ഹേതു എന്നു ഞാൻ പിന്നീടൊരുനിഗമനത്തിലെത്തിയത് ഇപ്പോൾ ഓർത്ത് പോകുന്നു. സമയം രണ്ടര!

പണിക്കരുടെ ഉള്ളിലെ ‘ഇന്ധന’ത്തിന്റെ ഗുണമാണെന്നു തോന്നുന്നു, ദൂരം ഗോപാലിനേക്കാൾ കൂടുതലുണ്ടായിരുന്നിട്ടും പണിക്കരും അശോകും ആണ് ആദ്യം എത്തിച്ചേർന്നത്. വന്നതോ, അദ്ദേഹം തൽക്കാലം ഉപയോഗിച്ചു കൊണ്ടിരുന്ന ഓൺസൈറ്റിൽ (ജോലി ആവശ്യങ്ങൾക്കായി ഇൻഡ്യക്കു പുറത്തുള്ള കസ്റ്റമറുടെ സവിധത്തിൽ) പോയിരുന്ന വേറൊരു സുഹൃത്തിന്റെ ഒരു അത്യാവശ്യം നല്ല പഴക്കമുള്ള ഹീറോ ഹോണ്ട സ്പ്ലെണ്ടർ എന്ന ബൈക്കിൽ! അദ്ദേഹത്തിനോട് അതവിടെ വെച്ചിട്ട് എന്റെയോ മനോജിന്റെയോ താരതമ്യേന ഭേദപ്പെട്ട വിക്ടർ എടുക്കുവാൻ ഞങ്ങൾ പറഞ്ഞെങ്കിലും, അദ്ദേഹത്തെ വേഗം എത്താൻ സഹായിച്ച അതേ ‘ഇന്ധനം’ കാരണം കൂട്ടാക്കിയില്ല. ഗോപാലും വന്ന് എല്ലാവരും കൂടെ ഞങ്ങളുടെ ബഞ്ചാര ഹിൽസ് വീട്ടിൽ നിന്നിറങ്ങി നേരെ അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്ന് എല്ലാ ബൈക്കുകളിലും ഫുൾടാങ്ക് ഇന്ധനവും നിറച്ചു യാത്രതിരിക്കുമ്പോൾ മണി 3.

പണിക്കർ സാർ വന്നതു കൊണ്ടു അതിനിടയിൽ വേറൊരു പ്രശ്നം കൂടെ സോൾവായി എന്നുള്ളതു കൂടെ ഇവിടെ രേഘപ്പെടുത്തട്ടേ. ഞങ്ങളെട്ട് പേരിൽ അതിന് മുൻപ് ഒരു പ്രാവശ്യമെങ്കിലും ശ്രീശൈലത്തേക്കു പോയിട്ടുള്ള ഒരേ ഒരു വ്യക്തി ശ്രീ മനേഷ് പണിക്കരായിരുന്നു. അതങ്ങോര് രണ്ട് കൊല്ലത്തോളം മുൻപേ ഒരു ജീപ്പിലോ കാറിലോ മറ്റോ പോയതാണെങ്കിലും ‘എനിക്കു വഴിഅറിയാം’ എന്ന അവകാശവാദം ഉന്നയിച്ചു കൊണ്ട് ഞങ്ങളുടെയൊക്കെ ഉള്ളിലുള്ള ‘ഏത് വഴിയെപോകും’ എന്ന തീയിനെ അദ്ദേഹം വിദഗ്ദമായിത്തന്നെ കെടുത്തി എന്നു വേണം പറയാൻ.

തുടരും...